---
title: "സ്വര്‍ണം പൂശിയ ആഭരണം പണയം വെച്ച്  73 ലക്ഷം തട്ടിയെടുത്ത സംഭവം: പ്രതികൾ അറസ്റ്റിൽ"
english_title: "73 lakh robbery of gold-plated jewelry: Accused arrested"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/159437/73 lakh robbery of gold-plated jewelry: Accused arrested"
published_at: "2023-11-04T14:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6546047158cd1_images_(21).jpeg"
keywords: []
---

# സ്വര്‍ണം പൂശിയ ആഭരണം പണയം വെച്ച്  73 ലക്ഷം തട്ടിയെടുത്ത സംഭവം: പ്രതികൾ അറസ്റ്റിൽ

> **Lead Summary:** സ്വര്‍ണം പൂശിയ ആഭരണം പണയം വെച്ച് തളിപ്പറമ്പ് സൗത്ത് ഇന്ത്യന്‍ ബാങ്കില്‍നിന്നും 73 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായ പരാതിയില്‍ പ്രതികളായ മൂന്ന് സ്ത്രീകളെ കൂടി തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു.

## Article Content

സ്വര്‍ണം പൂശിയ ആഭരണം പണയം വെച്ച് തളിപ്പറമ്പ് സൗത്ത് ഇന്ത്യന്‍ ബാങ്കില്‍നിന്നും 73 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായ പരാതിയില്‍ പ്രതികളായ മൂന്ന് സ്ത്രീകളെ കൂടി തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു.

രണ്ടാം പ്രതി പിലാത്തറ അറത്തിപ്പറമ്പ് സ്വദേശിനികളായ സി.പി ഫൗസിയ (46), മൂന്നാം പ്രതി ടി.റസിയ (42), പത്താം പ്രതി മാട്ടൂല്‍ സ്വദേശിനി ഇ.കെ.പി.താഹിറ എന്നിവരെയാണ് തളിപ്പറമ്പ് പോലീസ് പിടികൂടിയത്.

2020 നവംബര്‍ 25 മുതല്‍ വിവിധ തീയതികളിലായി തൃക്കരിപ്പൂരിലെ ജാഫര്‍ തലയില്ലത്തും ബന്ധുക്കളും സുഹൃത്തുക്കളുമായ ടി.റസിയ, സി.പി.ഫൗസിയ, എസ്.എ.പി. മുബീന അസീസ്, ടി.ഹവാസ് ഹമീദ്, എ.ജി.സമീറ, തലയില്ലത്ത് അഹമ്മദ്, പി.നദീര്‍, വി.പി.കുഞ്ഞാമിന, താഹിറ അഷ്റഫ് എന്നിവര്‍ ചേര്‍ന്ന് രണ്ട് കിലോ 73.9

ഗ്രാം വ്യാജ സ്വര്‍ണത്തിന്റെ ലോക്കറ്റ് പണയം വെച്ച് 72.70 ലക്ഷം രൂപ കൈപ്പറ്റി ബാങ്കിനെ വഞ്ചിച്ചെന്നാണ് പരാതി.

പണയം വെക്കുന്ന സമയം അപ്രൈസര്‍ പരിശോധനയില്‍ ആഭരണങ്ങളില്‍ ഒരോന്നിന്റെയും പുറത്ത് നാല് ഗ്രാമോളം സ്വര്‍ണം പൂശിയതിനാല്‍ വ്യാജമാണോ എന്ന് കണ്ടെത്താനായില്ല.

പണയംവെച്ച സ്വര്‍ണം തിരിച്ചെടുക്കാത്തതിനാല്‍ ലേലം ചെയ്യാന്‍ മുറിച്ച് പരിശോധിക്കുമ്പോഴാണ് ഉള്ളില്‍ ഈയമാണെന്ന് കണ്ടെത്തിയത്. സൗത്ത് ഇന്ത്യന്‍ ബാങ്ക് തളിപ്പറമ്പ് ശാഖ ചീഫ് മാനേജറുടെ പരാതിയില്‍ 2022 നവംബറിലാണ് തളിപ്പറമ്പ് പോലീസ് കേസടുത്ത് അന്വേഷണം തുടങ്ങിയത്. ഒന്നാം പ്രതി ജാഫര്‍, മുബീന അസീസ്, ഹവാസ് ഹമീദ്, നദീര്‍ എന്നിവരെ മുന്‍പ് അറസ്റ്റ് ചെയ്തിരുന്നു.

ഇതില്‍ മൂന്ന് പ്രതികളെ ഇനിയും പിടികൂടാനുണ്ട്

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/159437/73 lakh robbery of gold-plated jewelry: Accused arrested)